വത്തിക്കാൻ സിറ്റി: പാവപ്പെട്ടവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും തള്ളിക്കളയുന്നത് ദൈവത്തെ തള്ളിക്കളയുന്നതിന് തുല്യമാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് സന്ദേശത്തിലാണ് അദ്ദേഹം കരുണയുടെയും സ്നേഹത്തിന്റെയും സന്ദേശം വിശ്വാസികൾക്ക് കൈമാറിയത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ക്രിസ്മസ് കുർബാനയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം.
മനുഷ്യനെ വെറും ചരക്കായി കാണുന്ന വികലമായ സമ്പദ്‌വ്യവസ്ഥയ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങൾക്കോ, ദരിദ്രർക്കോ, വിദേശികൾക്കോ വേണ്ടി ഇടമില്ലാത്ത ലോകത്ത് ദൈവത്തിനും ഇടമുണ്ടാകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യേശുവിന്റെ ജനനം ഓരോ മനുഷ്യനിലും ദൈവസാന്നിധ്യമുണ്ടെന്ന് തെളിയിക്കുന്നു. അതിനാൽ മറ്റുള്ളവർക്ക് സഹായം നിഷേധിക്കുന്നത് ദൈവത്തെ തന്നെ നിഷേധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത മഴയെപ്പോലും അവഗണിച്ച് അയ്യായിരത്തിലധികം വിശ്വാസികളാണ് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം കേൾക്കാൻ വത്തിക്കാൻ ചത്വരത്തിൽ ഒത്തുചേർന്നത്.



