ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തിൽനിന്ന് പണം മോഷ്ടിച്ച താത്കാലിക ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി കെ.ആർ. രതീഷാണ് 23,130 രൂപയുമായി പിടിയിലായത്. തിങ്കളാഴ്ച ജോലിക്കിടയിൽ ശൗചാലയത്തിൽ പോകാനായി ഇറങ്ങിയ രതീഷിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കൈയുറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 500 രൂപയുടെ ആറ് നോട്ടുകൾ കണ്ടെത്തിയത്. കാണിക്ക വേർതിരിക്കാൻ നൽകിയ തുണികൊണ്ടുള്ള ഗ്ലൗസിനുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
തുടർന്ന് വിജിലൻസ് സംഘം ഇയാൾ താമസിക്കുന്ന മുറിയിൽ നടത്തിയ വിശദമായ പരിശോധനയിൽ 20,130 രൂപ കൂടി കണ്ടെടുത്തു. നോട്ടുകൾ ചുരുട്ടി ഗുഹ്യഭാഗത്ത് ഒളിപ്പിച്ചാണ് ഇയാൾ ഭണ്ഡാരത്തിന് പുറത്തെത്തിച്ചിരുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. 24 മണിക്കൂറും ക്യാമറാ നിരീക്ഷണവും പോലീസ് കാവലുമുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഈ മോഷണം നടന്നത്. ഭണ്ഡാരത്തിൽ ജോലി ചെയ്യുന്നവരെ ഒറ്റമുണ്ട് മാത്രം ധരിപ്പിച്ചാണ് അകത്തേക്ക് പ്രവേശിപ്പിക്കാറുള്ളത്. സംഭവത്തിൽ സന്നിധാനം പോലീസ് കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു.



