ബംഗ്ലാദേശിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടായാൽ ഇന്ത്യയ്ക്കെതിരെ സൈനികമായി തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാൻ ഭരണകക്ഷിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസിന്റെ (PML-N) യുവജന വിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി രംഗത്തെത്തി. ധാക്കയ്ക്കെതിരെ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ പാക്കിസ്ഥാൻ നോക്കിനിൽക്കില്ലെന്നും പാക്ക് സൈന്യവും മിസൈലുകളും അധികം ദൂരത്തല്ലെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിന്റെ സ്വയംഭരണത്തെ ആക്രമിക്കാൻ ഇന്ത്യ ധൈര്യപ്പെട്ടാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നാണ് കമ്രാൻ സയീദിന്റെ നിലപാട്.
മേഖലയിൽ ഇന്ത്യ നടത്തുന്ന നീക്കങ്ങളെക്കുറിച്ച് മുസ്‌ലിം യുവാക്കൾ ജാഗരൂകരാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. ബംഗ്ലാദേശിനുള്ള വെള്ളം വെട്ടിക്കുറയ്ക്കുകയോ മുസ്‌ലിങ്ങളെ തമ്മിലടിപ്പിക്കുകയോ ചെയ്യുന്ന തരത്തിൽ പല രൂപത്തിലുള്ള ഗൂഢാലോചനകൾ നടക്കാൻ സാധ്യതയുണ്ടെന്നും അത്തരത്തിലുള്ള നീക്കങ്ങൾക്കെതിരെ പാക്കിസ്ഥാൻ ജനതയും സൈന്യവും സജ്ജമാണെന്നും കമ്രാൻ സയീദ് ഉസ്മാനി അവകാശപ്പെട്ടു.



