ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക വഴിത്തിരിവ്. സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ സ്വർണ്ണവ്യാപാരി ഗോവർദ്ധനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണ്ണം കൈമാറിയത് സ്മാർട്ട് ക്രിയേഷൻസിനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഈഞ്ചക്കലിലെ എസ്.ഐ.ടി ഓഫീസിൽ വെച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച സ്വർണ്ണപ്പാളികളിൽ നിന്ന് സ്വർണ്ണം വേർതിരിച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്ക് തിരികെ നൽകിയെന്നാണ് പങ്കജ് ഭണ്ഡാരി നേരത്തെ മൊഴി നൽകിയിരുന്നത്. എന്നാൽ സംഭവത്തിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. വൈകിട്ടോടെ അറസ്റ്റ് പൂർത്തിയാക്കിയ പ്രതികളെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിൽ ഈ അറസ്റ്റുകൾ നിർണ്ണായകമാകുമെന്നാണ് സൂചന.



