കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നതിനായി സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. മലിനീകരണ പ്രശ്നങ്ങൾ ഉയർത്തി പ്രദേശവാസികളും പ്രതിപക്ഷവും പദ്ധതിക്കെതിരെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്താതെ മുന്നോട്ടുപോകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, പാരിസ്ഥിതികാഘാത പഠനത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് ഉത്തരവിട്ടു.
ബ്രൂവറി ആരംഭിക്കുന്നത് കാർഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നായിരുന്നു സർക്കാർ വാദം. എന്നാൽ ബ്രൂവറി അനുവദിക്കണമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലത്താണ് ബ്രൂവറിക്ക് അനുമതി നൽകിയതെന്നത് വലിയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു.
മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് യൂണിറ്റ് തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നത്. പരിസ്ഥിതി ആഘാതങ്ങൾ കണക്കിലെടുക്കാതെ നൽകിയ അനുമതി ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.



