കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) തിരിച്ചടി. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമാന്തര അന്വേഷണം ആരംഭിക്കുന്നു. കേസിലെ എഫ്.ഐ.ആർ, റിമാൻഡ് റിപ്പോർട്ട് എന്നിവയുൾപ്പെടെയുള്ള നിർണ്ണായക രേഖകൾ ഇ.ഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവിട്ടു.സമാന്തര അന്വേഷണം നടക്കുന്നത് കേസിന്റെ സുഗമമായ പോക്കിനെ ബാധിക്കുമെന്നും കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് തടസ്സമാകുമെന്നും എസ്.ഐ.ടി പ്രോസിക്യൂഷൻ മുഖേന വാദിച്ചു. രേഖകൾ നൽകുന്നതിനെതിരെ എസ്.ഐ.ടി ഉന്നയിച്ച ശക്തമായ എതിർപ്പുകൾ തള്ളിക്കൊണ്ടാണ് കോടതി നടപടി.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ വിയോജിപ്പില്ലെങ്കിലും രേഖകൾ പൂർണ്ണമായി വിട്ടുനൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു എസ്.ഐ.ടിയുടെ നിലപാട്.
എന്നാൽ, രേഖകൾ നൽകുന്നത് എങ്ങനെയാണ് അന്വേഷണത്തിന് തടസ്സമാകുന്നതെന്ന് കോടതിയിൽ ഇ.ഡി ആരാഞ്ഞു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് തങ്ങൾ രേഖകൾ ആവശ്യപ്പെടുന്നതെന്നും ഇ.ഡി വ്യക്തമാക്കി. ഇരുഭാഗത്തെയും വാദങ്ങൾ കേട്ട കോടതി, ഒടുവിൽ അന്വേഷണ രേഖകൾ ഇ.ഡിക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു. ഇതോടെ സ്വർണ്ണക്കൊള്ളക്കേസിൽ ഇ.ഡിയുടെ അന്വേഷണവും ഉടൻ ആരംഭിക്കും.



