നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന് പാസ്‌പോർട്ട് തിരികെ നൽകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. പുതിയ സിനിമയുടെ പ്രമോഷൻ ആവശ്യങ്ങൾക്കായി വിദേശത്ത് പോകേണ്ടതുണ്ടെന്ന ദിലീപിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. വിധി വന്നതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചതായി വ്യക്തമാക്കിയ കോടതി, പാസ്‌പോർട്ട് വിട്ടുനൽകാൻ ഉത്തരവിടുകയായിരുന്നു.
ശിക്ഷാവിധി വന്ന ദിവസം തന്നെ ഈ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഡിസംബർ 18-ന് പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു. തൊഴിൽപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ മാത്രമാണ് അദ്ദേഹത്തിന് വിദേശയാത്രകൾ നടത്താൻ സാധിച്ചിരുന്നത്.
അതേസമയം, അതിജീവിത നൽകിയ സൈബർ ആക്രമണ പരാതിയിൽ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശൂർ സിറ്റി പൊലീസ് കേസെടുത്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. അധിക്ഷേപ വീഡിയോകൾ പങ്കുവെച്ചവരെയും കേസിൽ പ്രതിചേർക്കും.



