D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ: പുതിയ ഭാരവാഹികൾ ചുമതലയേറ്റു; ശങ്കർ മന പ്രസിഡന്റ്

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ)-ന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ദ്വൈവാർഷിക സമ്മേളനം ഡിസംബർ 14-ന് നാഷ്‌വിൽ എയർപോർട്ട് ഗ്ലോ ബെസ്റ്റ് വെസ്റ്റേൺ ഹോട്ടലിൽ വെച്ചാണ് നടന്നത്. 2026-27 വർഷങ്ങളിൽ അസോസിയേഷനെ നയിക്കുന്നതിനായുള്ള പുതിയ ഭാരവാഹികളെ ചടങ്ങിൽ തിരഞ്ഞെടുത്തു. ശങ്കർ മന പുതിയ പ്രസിഡന്റ്.നിലവിലെ പ്രസിഡന്റ് ഷിബു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്-ചിലവ് കണക്കുകളും അവതരിപ്പിച്ചു. കേരള ഫെസ്റ്റ്, ഓണാഘോഷങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, യൂത്ത് ലീഡർഷിപ്പ് ക്യാമ്പ് തുടങ്ങി അമ്പതോളം വിജയകരമായ പരിപാടികൾ കഴിഞ്ഞ കാലയളവിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.

ശങ്കർ മന (പ്രസിഡന്റ്), ഡോ. സുശീല സോമരാജൻ (വൈസ് പ്രസിഡന്റ്), സുജിത് പിള്ള (സെക്രട്ടറി), ഡോ. ദിപാഞ്ജലി നായർ (ജോയിന്റ് സെക്രട്ടറി), സുമ ശിവപ്രസാദ് (ട്രഷറർ), നിജിൽ ഉണ്ണിയാൻ (ജോയിന്റ് ട്രഷറർ) എന്നിവർ പുതിയ ഭരണസമിതി അംഗങ്ങളോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ പ്രസിഡന്റ് തോമസ് വർഗീസാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങിൽ പുതിയ പ്രസിഡന്റ് ശങ്കർ മന വരും വർഷങ്ങളിലേക്കുള്ള പ്രവർത്തന നയരേഖ അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റിനെയും നൂറിലധികം വോളന്റിയർമാരെയും ചടങ്ങിൽ ആദരിക്കുകയും വിജയികൾക്കായി സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

വിവിധ കമ്മിറ്റികളുടെ ചെയർമാന്മാരായി തോമസ് വർഗീസ്, ശ്രീഷ അനീഷ്, ആശ പത്യാരി, സിബി രാമചന്ദ്രൻ, അരുൺ പി.ആർ, മനീഷ് രവികുമാർ, ജേക്കബ് ജോർജ്, അനിൽ വാരിയർ, സന്തോഷ് പി രാമചന്ദ്രൻ, പ്രസീദ രാജു, സാജൻ പെരുമ്പിള്ളി, നിഷ പ്രഭാകരൻ, അനിൽകുമാർ ഗോപാലകൃഷ്ണൻ എന്നിവരും ചുമതലയേറ്റു. വുമൺസ് ഫോറം, യൂത്ത് ഫോറം എന്നിവയുടെ മറ്റു ഭാരവാഹികളെ ജനുവരി 17-ന് നടക്കുന്ന 'ജിംഗിൾ & മിംഗിൾ 2026' എന്ന പരിപാടിയിൽ വെച്ച് പ്രഖ്യാപിക്കും. നിരവധി മുൻ പ്രസിഡന്റുമാരും കമ്മ്യൂണിറ്റി നേതാക്കളും സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *