ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുഛലും തങ്ങളുടെ വിവാഹത്തിൽ നിന്ന് പിന്മാറിയതായി സ്ഥിരീകരിച്ചു. ഇരുവരും ചേർന്ന് സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. വ്യക്തിപരമായ കാരണങ്ങളാൽ വിവാഹവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഇരുവരും അറിയിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവർ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും, സൗഹൃദപരമായി പിരിയാൻ തീരുമാനിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. പരസ്പരം ബഹുമാനിക്കുന്നുണ്ടെന്നും, ഭാവി ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുന്നതായും ഇവർ അറിയിച്ചു.ഇന്ത്യക്കുവേണ്ടി കളിക്കാനും ട്രോഫികൾ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവർക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി,’ എന്ന് സ്മൃതി മന്ദാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതിനിടെ സ്മൃതി മന്ദാനയുമായുള്ള ബന്ധത്തിൽനിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി സംഗീത സംവിധായകൻ പലാഷ് മുച്ഛലും രംഗത്തുവന്നു. ജീവിതത്തിൽ പുതിയ വഴിയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചുവെന്ന് അറിയിച്ച പലാഷ്, തന്നെക്കുറിച്ച് വ്യാജവും നിന്ദ്യവുമായ ഉള്ളടക്കങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ തൻ്റെ ടീം കർശനമായ നടപടി സ്വീകരിക്കുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
നവംബർ ഇരുപത്തിമൂന്നിനായിരുന്നു സ്മൃതി-പലാഷ് വിവാഹം നടക്കേണ്ടിയിരുന്നത്. സ്‌മൃതിയുടെ അച്ഛൻ ആശുപത്രിയിലായതാണ് വിവാഹം മാറ്റിവെക്കാൻ കാരണമെന്നാണ് തുടക്കത്തിൽ വാർത്തകൾ വന്നിരുന്നത്. ഇതിനു പിന്നാലെ പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും സ്മൃതിയെ വഞ്ചിക്കുകയായിരുന്നു എന്നതടക്കമുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു.



