ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷന്റെ സ്പെഷൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികളുടെ ഭാഗമായുള്ള കടുത്ത ജോലി സമ്മർദ്ദം കാരണം രാജ്യത്തുടനീളം ജീവനൊടുക്കിയവരും കുഴഞ്ഞുവീണ് മരിച്ചവരുമായ ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. SIR പ്രക്രിയയെ 'അടിച്ചമർത്തലും അരാജകത്വവും' എന്ന് വിശേഷിപ്പിച്ച കോൺഗ്രസ്, SIR-ൻ്റെ പേരിൽ രാജ്യത്ത് അരാജകത്വമാണ് നടക്കുന്നതെന്നും ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 16 BLOമാർ ജോലി സമ്മർദ്ദം കാരണം മരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഹൃദയാഘാതം, കടുത്ത മാനസിക സമ്മർദ്ദം, ആത്മഹത്യ എന്നിവയാണ് മരണകാരണങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കുവെച്ച വാർത്താ റിപ്പോർട്ട് അനുസരിച്ച് ഗുജറാത്തിലും മധ്യപ്രദേശിലും നാല് പേർ വീതവും, പശ്ചിമ ബംഗാളിൽ മൂന്ന് പേരും, രാജസ്ഥാനിൽ രണ്ട് പേരും, തമിഴ്നാട്ടിലും കേരളത്തിലും ഓരോരുത്തരുമായി ആറ് സംസ്ഥാനങ്ങളിൽ നിന്നായി 16 BLOമാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ നടപടി പരിഷ്കരണമല്ല, അടിച്ചമർത്തലാണ് നടക്കുന്നതെന്നും അനാവശ്യമായ സമ്മർദ്ദം കാരണം BLOമാർ മരിക്കുന്നത് 'അനുബന്ധ നാശനഷ്ടം' എന്ന പേരിൽ അവഗണിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ഈ മരണം ഒരു പരാജയമല്ല, മറിച്ച് 'അധികാരത്തിലുള്ളവരെ സംരക്ഷിക്കാനുള്ള ഒരു ഗൂഢാലോചനയാണ്', ജനാധിപത്യം ബലിയർപ്പിക്കപ്പെടുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ കണ്ണൂരിൽ അനീഷ് ജോർജ് എന്ന BLO ജീവനൊടുക്കിയതും, രാജസ്ഥാനിലെ മുകേഷ് ജാംഗിദ് എന്ന അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചതും, പശ്ചിമ ബംഗാളിലെ ശാന്തിമുനി എക്ക, റിങ്കു തരഫ്ദാർ എന്നിവരുടെ ആത്മഹത്യകളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. SIR ജോലിഭാരത്തെക്കുറിച്ചുള്ള മാനസിക സമ്മർദ്ദം കാരണം താൻ ഈ കടുംകൈ ചെയ്യുന്നെന്ന് റിങ്കു തരഫ്ദാർ ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. സമയപരിധിക്കുള്ളിൽ കനത്ത ജോലിഭാരം പൂർത്തിയാക്കാൻ കഴിയാത്തതിലുള്ള മാനസിക സമ്മർദ്ദമാണ് പ്രധാനമായും BLOമാരുടെ മരണത്തിന് കാരണമാകുന്നതെന്നാണ് കുടുംബാംഗങ്ങളും ജീവനക്കാരുടെ സംഘടനകളും ആരോപിക്കുന്നത്.
അതേസമയം, BLOമാരുടെ മരണങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ ക്ഷേമം ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർപട്ടിക പുതുക്കൽ നടപടികൾ ഒരു മുന്നറിയിപ്പും ഇല്ലാതെ, ആസൂത്രണമില്ലാതെ, ധൃതിയിൽ നടപ്പാക്കുന്നത് ജീവനക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്.



