ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. നിര്‍ണായക രേഖകള്‍ കണ്ടെത്തുന്നതിനായി ഒരു മണിക്കൂറിലേറെയാണ് പരിശോധന നീണ്ടത്. സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്. ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയില്‍ രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം രഹസ്യമായാണ് അന്വേഷണസംഘം പത്മകുമാറിന്റെ വീട്ടിലെത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ. പത്മകുമാര്‍ കൂട്ടുപ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന് എസ്.ഐ.ടി. റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ 'സ്വര്‍ണപ്പാളി' എന്നത് സ്വന്തം കൈപ്പടയില്‍ 'ചെമ്പ് പാളി' എന്നെഴുതിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.



