യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എച്ച് 1 ബി വിസ ഫീസ് വർദ്ധിപ്പിച്ച നടപടി അമേരിക്കയിലുള്ള ഇന്ത്യക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 'ഗ്രേറ്റ് അമേരിക്ക എഗൈൻ' പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. നവരാത്രി, ദുർഗാപൂജ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് വരാനിരുന്ന നിരവധി ഇന്ത്യക്കാരെ ഈ തീരുമാനം വലിയ തോതിലാണ് ബാധിച്ചത്. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി എമിറേറ്റ്‌സ് വിമാനത്തിൽ കയറിയ പല യാത്രക്കാരും തിരിച്ചിറങ്ങേണ്ടിവന്നു. ഇതേത്തുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.
സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിൽ നിന്നുള്ള ഈ വീഡിയോ ഇതിനടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. വിമാനത്തിനുള്ളിൽ നിന്നും ആളുകൾ അസ്വസ്ഥരാവുകയും പുറത്തേക്ക് ഇറങ്ങിപ്പോവുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഈ വീഡിയോയിലുണ്ട്. ഇനി യു.എസ്സിലേക്ക് തിരികെ വരാൻ കഴിഞ്ഞില്ലെങ്കിലോ എന്നതായിരുന്നു പലരുടെയും പ്രധാന ആശങ്ക.
വിമാനത്തിന്റെ ക്യാപ്റ്റൻ ഇതിൽ വ്യക്തത വരുത്തുന്നതും വീഡിയോയിൽ കാണാം. യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ ടെക് കമ്പനികൾ എച്ച് 1 ബി വിസയുള്ള ജീവനക്കാർ അമേരിക്ക വിട്ടുപോകരുതെന്ന് നിർദേശം നൽകിയിരുന്നു. നിലവിൽ അമേരിക്കക്ക് പുറത്തുള്ള ജീവനക്കാർ 24 മണിക്കൂറിനുള്ളിൽ തിരികെയെത്താനും കമ്പനികൾ നിർദേശിച്ചിട്ടുണ്ട്. റീ-എൻട്രി നിഷേധിക്കപ്പെടാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
എച്ച്-1ബി വിസ ഫീസ് വർധിപ്പിച്ചതിലൂടെ അമേരിക്കൻ തൊഴിൽ വിപണിയെ സംരക്ഷിക്കാനും ഉയർന്ന വൈദഗ്ധ്യമുള്ളവരെ മാത്രം രാജ്യത്തേക്ക് ആകർഷിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നു. എന്നാൽ, ഇത് എച്ച്-1ബി വിസകളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്ത്യക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.



