നഗരത്തിലെ ബെവ്‌കോ മദ്യവില്പനശാലയ്ക്ക് സമീപം ആളെ തല്ലിക്കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ എന്ന് ഫോൺ സന്ദേശം. കുതിച്ചെത്തിയ പൊലീസിന് ലഭിച്ചത് അനങ്ങുന്ന ബോഡിയും. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
പെരുമ്പാവൂരിൽ ഉള്ള മദ്യവില്പനശാലയ്ക്കു പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയെന്ന് നാട്ടുകാരിൽ ഒരാളുടെ ഫോൺകോൾ പൊലീസിനെ തേടിയെത്തി. വിവരമറിഞ്ഞ് അതിഥി തൊഴിലാളികൾ തമ്പടിക്കുന്ന ബെവ്‌കോയ്ക്ക് സമീപത്തേക്ക് പൊലീസ് പാഞ്ഞെത്തി.
ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ മുട്ടിനു കീഴെ കാലുകൾ മാത്രമായിരുന്നു കാണാൻ സാധിച്ചത്. പിന്നാലെ ആംബുലൻസും സ്ഥലത്തെത്തി. ബോഡിയെടുത്ത് ആംബുലൻസിൽ കയറ്റാൻ ശ്രമിക്കുമ്പോഴാണ് ഒരു അനക്കം ശ്രദ്ധയിൽപ്പെട്ടത്.
ആദ്യം പൊലീസ് ഒന്ന് അമ്പരന്നെങ്കിലും ഉടനെ തല മൂടിയിരുന്ന ചാക്ക് മാറ്റി ബോഡി തന്റെ മുഖം കാണിച്ചു. മദ്യപിച്ച് പൂസായതോടെ സമീപത്തു നിന്ന് കിട്ടിയ ചാക്കുകളെല്ലാം വാരിക്കൂട്ടി വെയിൽ ഏൽക്കാത്ത വിധത്തിൽ തലവഴി മൂടി കിടന്നുറങ്ങുകയായിരുന്നു ആ കക്ഷി.
അല്ലപ്ര പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളിയും മുർഷിദാബാദ് സ്വദേശിയായ 30 വയസ്സുകാരനാണ് ചാക്കുകൊണ്ട് മേലാസകലം മൂടി പാടശേഖരത്തിനു സമീപം കിടന്ന് സുഖനിദ്ര പ്രാപിച്ചത്. ഒടുവിൽ യുവാവിനെ ഉപദേശിച്ച് പറഞ്ഞുവിട്ടശേഷം പോലീസ് മടങ്ങി.



