ഓൺലൈന്‍ ഡെസ്ക്...
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ച സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് സ്വദേശിനി ബിന്ദു എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ, ഇത്തരം ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സർക്കാർ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഉചിതമായ സഹായം നൽകുമെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സർക്കാർ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഈ അപകടം നടന്നത് വ്യാഴാഴ്ച രാവിലെ 10:50-നാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആൾ കുടുങ്ങിയിട്ടുണ്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ടും രക്ഷാപ്രവർത്തനം വൈകിയെന്നും ഇത് ബിന്ദുവിന്റെ മരണത്തിന് കാരണമായെന്നും ആരോപണമുണ്ട്. പിന്നീട്, ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ഇടപെടലിനെത്തുടർന്നുണ്ടായ രക്ഷാപ്രവർത്തനത്തിലാണ് ഉച്ചയ്ക്ക് 12:45 ഓടെ ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആരോഗ്യവകുപ്പിനും മന്ത്രിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതിന് ഒരു ദിവസം ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.



