പശ്ചിമേഷ്യയിലെ യുദ്ധം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചു. ഇറാൻ വലിയൊരു രാജ്യമായതിനാൽ നിലവിലെ സൈനിക നീക്കം പൂർത്തിയാക്കാൻ ഇത്രയും സമയം വേണ്ടിവരുമെന്നാണ് ഫ്‌ളോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിൽ വെച്ച് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയത്.
നിലവിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾ മേഖലയിൽ അതിരൂക്ഷമായി തുടരുകയാണ്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതായും ഇതിന് മറുപടിയായി ഇറാൻ പ്രത്യാക്രമണങ്ങൾ നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും സ്ഥിരീകരണമുണ്ട്.
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആസ്ഥാനം തകർത്തതായി അമേരിക്കൻ സൈന്യം പ്രഖ്യാപിച്ചു. ഐആർജിസിക്ക് ഇനി ആസ്ഥാനമില്ലെന്നും 'പാമ്പിന്റെ തല വെട്ടിമാറ്റി' എന്നും യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. അത്യാധുനിക യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഖരം പൂർണ്ണമായും തകർത്തതായും അമേരിക്ക അവകാശപ്പെടുന്നു.
പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയും ടെഹ്‌റാനിൽ ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായി. ഇറാന്റെ ഹൃദയഭാഗത്തെ ലക്ഷ്യമിട്ടാണ് തങ്ങളുടെ നീക്കമെന്ന് ഇസ്രായേൽ സേന അറിയിച്ചു. അതേസമയം, ഇസ്രായേലിനും ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചുകൊണ്ട് ഇറാനും ശക്തമായ തിരിച്ചടി നൽകുന്നുണ്ട്.



