D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വർണമോഷണം; ‘തന്ത്രിയുടെ ജാമ്യവിധി അസാധാരണം’; മന്ത്രി പി രാജീവ്
ജാമ്യ ഉത്തരവിലെ വിപരീത പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ സമീപിക്കും. ഈ പരാമർശങ്ങൾ കേസിന്റെ തുടർന്നുള്ള നടത്തിപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതി വിധിയിൽ അസാധാരണത്വമുണ്ടെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. വിധി ഒരു അന്തിമ വിധിക്ക് സമാനമായിരുന്നുവെന്നും, കേസിന്റെ മേൽനോട്ട ചുമതല ഹൈക്കോടതിക്കായിരിക്കെ സർക്കാർ ഇതിൽ പ്രത്യേകം അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജാമ്യ ഉത്തരവിലെ വിപരീത പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയെ സമീപിക്കും. ഈ പരാമർശങ്ങൾ കേസിന്റെ തുടർന്നുള്ള നടത്തിപ്പിനെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതോടൊപ്പം സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ മന്ത്രിയുടെ വസതിയിൽ റീത്ത് വെച്ച് പ്രതിഷേധിക്കുന്നത് സംസ്കാരശൂന്യവും ജനാധിപത്യവിരുദ്ധവുമാണ്. സ്വകാര്യ ആശുപത്രികളിലെ പിഴവുകൾ ചർച്ചയാക്കാതെ സർക്കാർ ആശുപത്രികളിലെ വീഴ്ചകളെ മാത്രം പർവ്വതീകരിക്കുന്നത് പൊതുസംവിധാനത്തെ തകർക്കാനാണെന്ന് അദ്ദേഹം വിമർശിച്ചു. എവിടെ പിഴവുകൾ ഉണ്ടായാലും സർക്കാർ നടപടി സ്വീകരിക്കുമെന്നും, എന്നാൽ ബോധപൂർവ്വമായ അനാസ്ഥയെ മാത്രമേ കുറ്റകരമായി കാണൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഈ സർക്കാരിന്റെ കാലത്താണ് സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ തസ്തികകൾ സൃഷ്ടിച്ചതെന്നും ആവശ്യമെങ്കിൽ ഇനിയും തസ്തികകൾ വർദ്ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *