D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
30 പവനും കട്ടോ? ശബരിമലയിലെ കൊടിമരത്തിൽ പൂശിയ ബാക്കി സ്വർണം കാണാനില്ല
പുനഃപ്രതിഷ്ഠയ്ക്കായി നീക്കിവെച്ചതിൽ ബാക്കി വന്ന 30 പവൻ സ്വർണം എവിടെയാണെന്ന കാര്യത്തിൽ ദേവസ്വം ബോർഡിന് വ്യക്തമായ മറുപടിയില്ല. ഈ സ്വർണം താഴികക്കുടത്തിൽ പൂശിയോ അതോ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്.

ശബരിമലയിലെ സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ സംശയങ്ങൾ ശരിവെക്കുന്ന നിർണായക കണ്ടെത്തലുകളുമായി സംസ്ഥാന വിജിലൻസ് രംഗത്തെത്തി. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തർ നൽകിയ സ്വർണത്തിന്റെ കണക്കുകളിൽ വലിയ അപാകതകളാണ് കണ്ടെത്തിയിരിക്കുന്നത്. പുനഃപ്രതിഷ്ഠയ്ക്കായി നീക്കിവെച്ചതിൽ ബാക്കി വന്ന 30 പവൻ സ്വർണം എവിടെയാണെന്ന കാര്യത്തിൽ ദേവസ്വം ബോർഡിന് വ്യക്തമായ മറുപടിയില്ല. ഈ സ്വർണം താഴികക്കുടത്തിൽ പൂശിയോ അതോ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയോ എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്.

കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ദേവസ്വം ബോർഡിന്റെ പക്കലുണ്ടായിരുന്ന 9 കിലോ 570 ഗ്രാം സ്വർണത്തിൽ 9 കിലോ 340 ഗ്രാം മാത്രമാണ് ഉപയോഗിച്ചത്. ബാക്കി വന്ന അളവിനൊപ്പം ഭക്തരിൽ നിന്ന് സമാഹരിച്ച 412 ഗ്രാം സ്വർണത്തിന്റെ കണക്കുകളും രേഖപ്പെടുത്തിയിട്ടില്ല. 27 പേരിൽ നിന്നായി ശേഖരിച്ച ഈ സ്വർണമാണ് ഇപ്പോൾ കാണാതായിരിക്കുന്നത്. ഇതിനുപുറമെ ചില ഭക്തർ നൽകിയ സ്വർണത്തിന് യാതൊരുവിധ രേഖകളുമില്ലെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വർണം സംഭാവന നൽകിയ സിനിമാതാരങ്ങളുടെയും നിർമ്മാതാക്കളുടെയും മൊഴികൾ വിജിലൻസ് രേഖപ്പെടുത്തിക്കഴിഞ്ഞു. ബാക്കിയുള്ളവരുടെ മൊഴി ഈ ആഴ്ച തന്നെ രേഖപ്പെടുത്തും.

അതേസമയം, സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി സമർപ്പിച്ച ജാമ്യ ഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. കട്ടിളപ്പടി, ദ്വാരപാലക ശില്പം എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് തന്ത്രി ജാമ്യം തേടിയിരിക്കുന്നത്. തന്ത്രിയുടെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *