ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 41-ാം ദിവസം ജാമ്യം ലഭിച്ചത് തന്ത്രിക്ക് വലിയ ആശ്വാസമായി. കേസിൽ തനിക്ക് നേരിട്ട് പങ്കില്ലെന്നും താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തന്ത്രിയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാണ് കോടതി നടപടി.
അന്വേഷണസംഘത്തിന് തിരിച്ചടിയാകുന്നതാണ് കോടതിയുടെ ഈ തീരുമാനം. സ്വർണക്കൊള്ളയിൽ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ ശക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. എന്നാൽ തന്ത്രിയുടെ സാമ്പത്തിക സ്രോതസ്സുകൾ ദുരൂഹമാണെന്നും സ്വത്ത് സമ്പാദനത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നുമുള്ള വാദം പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തിയിരുന്നു. 90 ദിവസം തികയുന്നതിന് മുൻപ് തന്നെ ജാമ്യം ലഭിച്ച ഈ കേസിലെ ആദ്യ പ്രതികൂടിയാണ് കണ്ഠര് രാജീവർ.
നേരത്തെ കേസിലെ മുഖ്യപ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എൻ. വാസു, എസ്. ശ്രീകുമാർ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ നാളെയും, കെ.പി. ശങ്കർദാസിന്റെ ജാമ്യഹർജി ഈ മാസം 23-നും കോടതി പരിഗണിക്കും.



