റോഡ് ഐലൻഡ്: അമേരിക്കയിലെ റോഡ് ഐലൻഡിൽ സ്‌കൂൾ ഹോക്കി മത്സരത്തിനിടെയുണ്ടായ വെടിവെപ്പിൽ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പവ്ടക്കറ്റിലെ ഡെനിസ് എം. ലിഞ്ച് അരീനയിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു നടുക്കുന്ന ഈ സംഭവം നടന്നത്. വിവിധ സ്‌കൂളുകൾ തമ്മിലുള്ള ഹോക്കി മത്സരം നടന്നുകൊണ്ടിരിക്കെ അക്രമി സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമാണ് ലക്ഷ്യം വെച്ചത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു.
റോബർട്ട് ഡോർഗൻ (56) എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ റോബർട്ട, എസ്പോസിറ്റോ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. പ്രതിക്കുണ്ടായിരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാളുടെ മകൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന ഒരാൾ ധീരമായി ഇടപെട്ടത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് പോലീസ് ചീഫ് ടീന ഗോൺകാൽവസ് പറഞ്ഞു.
കളിക്കളത്തിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്കും താരങ്ങൾക്കും ശാരീരികമായ പരിക്കുകൾ ഏറ്റിട്ടില്ലെങ്കിലും എല്ലാവരും വലിയ മാനസികാഘാതത്തിലാണ്. വെടിവെപ്പിന്റെ പശ്ചാത്തലത്തിൽ റോഡ് ഐലൻഡിലെ എല്ലാ കായിക മത്സരങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.



