ന്യൂജഴ്സി∙ 13 വയസ്സിൽ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരൻ അമേരിക്കയിൽ അറസ്റ്റിലായി. വൊഡേല യശസ്വി കോട്ടപ്പല്ലി എന്നയാളെയാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) പിടികൂടിയത്. പീഡനത്തിന് പുറമെ മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. രേഖകളില്ലാതെ അമേരിക്കയിൽ കഴിഞ്ഞിരുന്ന ഇയാളെ നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നതുവരെ കസ്റ്റഡിയിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
അറസ്റ്റ് ചെയ്ത തീയതിയോ കേസ് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങളോ ഐസിഇ പുറത്തുവിട്ടിട്ടില്ല. ക്രിമിനൽ കുറ്റം ചുമത്തിയതിനാൽ വിചാരണ നടപടികൾക്ക് ശേഷമായിരിക്കും ഇയാളെ നാടുകടത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമപ്രകാരം ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന വിദേശികളെ വിചാരണ കാലയളവിൽ ഇമിഗ്രേഷൻ കസ്റ്റഡിയിൽ വെക്കാൻ യുഎസ് നിയമം അനുവദിക്കുന്നുണ്ട്.
അമേരിക്കയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാടുകടത്തുന്ന സംഭവങ്ങളിൽ വലിയ വർധനവാണ് സമീപകാലത്ത് ഉണ്ടാകുന്നത്. 2025-ൽ മാത്രം 3,800-ലധികം ഇന്ത്യക്കാരെ നാടുകടത്തിയതായി കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇതിൽ കുടിയേറ്റ നിയമലംഘനം നടത്തിയവരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഉൾപ്പെടുന്നു.



