കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വാർഷിക നികുതി സെമിനാർ ഗാർലൻഡിലെ കമ്മ്യൂണിറ്റി സെന്ററിൽ വിജയകരമായി നടന്നു. പുതിയ നികുതി നിയമങ്ങളെക്കുറിച്ചും ഫയലിംഗ് രീതികളെക്കുറിച്ചും പ്രവാസി സമൂഹത്തിന് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും മുൻ ഐ.ആർ.എസ് ഓഡിറ്ററുമായ ഹരി പിള്ള ക്ലാസുകൾക്ക് നേതൃത്വം നൽകി.
വ്യക്തികൾക്കും കുടുംബങ്ങൾക്കും ലഭ്യമായ നികുതി ഇളവുകൾ, ഈ വർഷത്തെ ഫയലിംഗിൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ, സമ്മർദ്ദമില്ലാതെ നികുതി അടയ്ക്കുന്നതിനായുള്ള സ്മാർട്ട് പ്ലാനിംഗ് രീതികൾ, ഐ.ആർ.എസ് ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ സെമിനാറിൽ വിശദമായി ചർച്ച ചെയ്തു. പങ്കെടുത്തവർക്ക് തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും മറുപടി ലഭിക്കാനും അവസരമുണ്ടായിരുന്നു. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ വരും നാളുകളിലും തുടരുമെന്ന് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.



