കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഫെഡറൽ ഗവൺമെന്റിന് ഉണ്ടായിരുന്ന സുപ്രധാന അധികാരം റദ്ദാക്കിക്കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന 2009-ലെ സുപ്രധാന ശാസ്ത്രീയ കണ്ടെത്തൽ ഔദ്യോഗികമായി പിൻവലിച്ചതോടെ, മലിനീകരണ തോത് നിയന്ത്രിക്കാൻ പരിസ്ഥിതി സംരക്ഷണ ഏജൻസിക്ക് (EPA) ഉണ്ടായിരുന്ന നിയമപരമായ കരുത്ത് ഇല്ലാതായിരിക്കുകയാണ്.
അനാവശ്യമായ പരിസ്ഥിതി നിയമങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നു എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഈ നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഊർജ്ജ മേഖലയിൽ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാനും സാധിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള നിർബന്ധിത മാറ്റത്തിൽ നിന്ന് ഇത് ഉപഭോക്താക്കൾക്ക് മോചനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഈ നീക്കം ആഗോളതലത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. അന്തരീക്ഷ താപനില വർധിക്കുന്നതിനും പരിസ്ഥിതി നാശത്തിനും ഇത് വഴിതെളിക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. ഇതിനെതിരെ വിവിധ പരിസ്ഥിതി സംഘടനകളും ചില സ്റ്റേറ്റ് ഗവൺമെന്റുകളും ഉടൻ തന്നെ നിയമപോരാട്ടം ആരംഭിക്കുമെന്നാണ് സൂചനകൾ.



