ബെംഗളൂരു ഹൊസ്‌കോട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റു വാഹനങ്ങളിലേക്ക് പാഞ്ഞുകയറി ഉണ്ടായ ദാരുണമായ അപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. സാറ്റലൈറ്റ് ടൗൺ റിങ് റോഡിലെ ഹൊസ്‌കോട്ടെ-ദൊബാസ്‌പേട്ട് ഇടനാഴിയിലുള്ള സത്യവാരയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് പേരും ഒരു ബൈക്ക് യാത്രക്കാരനുമാണ് ജീവൻ വെടിഞ്ഞത്.
യെലഹങ്ക ആർ വി കോളേജിലെ വിദ്യാർത്ഥികളായ അശ്വിൻ നായർ (17), അർഹാൻ ഷെരീഫ് (17), അയാൻ അലി (17), ഭരത് (18), ഏഥൻ ജോർജ് (17), ഫർഹാൻ (17) എന്നിവരും ബൈക്ക് യാത്രക്കാരനായ ഗഗൻ (26) എന്നിവരാണ് മരണപ്പെട്ടത്. ഇതിൽ അശ്വിൻ നായർ മലയാളിയാണ്. നിയന്ത്രണം വിട്ട കാർ ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന ബൈക്കിലും മറ്റൊരു വാഹനത്തിലും ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.



