D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പ്; കരുത്തുറ്റ നേതൃത്വവുമായി പ്രവാസി പോരാളി ജനവിധി തേടുന്നു
പതിറ്റാണ്ടുകളായി അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായ അദ്ദേഹം, പ്രൊഫഷണൽ മികവും സംഘടനാപാടവവും ഒത്തിണങ്ങിയ വ്യക്തിത്വമെന്ന നിലയിലാണ് ഈ പദവിയിലേക്ക് എത്തുന്നത്.

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സംഘടനകളുടെ ഐക്യവേദിയായ ഫൊക്കാനയുടെ (FOKANA) 2026-2028 കാലയളവിലേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രമുഖ സാമൂഹിക പ്രവർത്തകനും മുൻ ജനറൽ സെക്രട്ടറിയുമായ ഫിലിപ്പോസ് ഫിലിപ്പ് മത്സരിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ സജീവ സാന്നിധ്യമായ അദ്ദേഹം, പ്രൊഫഷണൽ മികവും സംഘടനാപാടവവും ഒത്തിണങ്ങിയ വ്യക്തിത്വമെന്ന നിലയിലാണ് ഈ പദവിയിലേക്ക് എത്തുന്നത്.

പത്തനംതിട്ട ജില്ലയിലെ അടൂർ ചിറ്റുണ്ടയിൽ തെക്കേവീട്ടിൽ ഫിലിപ്പോസിന്റേയും കുഞ്ഞമ്മയുടേയും മകനായി ജനിച്ച സി.വി. ഫിലിപ്പോസ് എന്ന ഫിലിപ്പോസ് ഫിലിപ്പ്, കഠിനാധ്വാനത്തിലൂടെയാണ് തന്റെ ജീവിതപാത വെട്ടിത്തെളിച്ചത്. അടൂർ പി.വി.എൽ.പി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പന്തളം എൻ.എസ്.എസ് കോളജിൽ നിന്ന് പ്രീഡിഗ്രിയും, 1972-ൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം ടി.കെ.എം കോളജ് യൂണിയൻ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1977-ൽ കേരള ഇലക്ട്രിസിറ്റി ബോർഡിൽ കരിയർ ആരംഭിച്ച അദ്ദേഹം വൈകാതെ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ ഉയർന്ന പദവിയിലെത്തി. ലാസൽഗാവ് സബ് ഡിവിഷൻ ചാർജ് വഹിക്കവെ ഗ്രാമീണ മേഖലകളിൽ വൈദ്യുതി എത്തിക്കാൻ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. തുടർന്ന് അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം സ്വകാര്യ മേഖലയിൽ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി തുടങ്ങി പ്ലാന്റ് മാനേജർ, ഓപ്പറേഷൻ മാനേജർ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചു. കഴിഞ്ഞ 20 വർഷമായി ന്യൂയോർക്ക് സ്റ്റേറ്റ് ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സർവീസിൽ യൂട്ടിലിറ്റി സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു വരികയാണ്. ഈ വർഷം അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും.

ഹഡ്സൺ വാലി മലയാളി അസോസിയേഷനിലൂടെയാണ് അദ്ദേഹം അമേരിക്കയിലെ സംഘടനാ പ്രവർത്തനം ആരംഭിച്ചത്. 1992 മുതൽ ഫൊക്കാനയിൽ സജീവമായ അദ്ദേഹം സംഘടനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. പർച്ചേസിംഗ് മാനേജറായിരുന്ന കാലത്തെ ചൈന, തായ്‌വാൻ യാത്രകൾ അദ്ദേഹത്തിന് ആഗോള വിപണിയെയും സംസ്കാരങ്ങളെയും കുറിച്ച് വലിയ കാഴ്ചപ്പാടുകൾ നൽകിയിട്ടുണ്ട്.

ഇലന്തൂർ സ്വദേശിനിയും സിവിൽ എൻജിനീയറുമായ ലിസി ഫിലിപ്പാണ് ഭാര്യ. സെൻട്രൽ പി.ഡബ്ല്യു.ഡിയിലും കേരള പി.ഡബ്ല്യു.ഡിയിലും എ.ഇ ആയി ലിസി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.തന്റെ അനുഭവസമ്പത്തും സേവനസന്നദ്ധതയും ഫൊക്കാനയുടെ വളർച്ചയ്ക്കായി വിനിയോഗിക്കുമെന്ന ഉറച്ച വിശ്വാസവുമായാണ് ഫിലിപ്പോസ് ഫിലിപ്പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *