D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമലയിലെ ജീവനക്കാരുടെ ഇടപാടുകൾ സംശയകരം! അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
സംഭവത്തിൽ സന്നിധാനം പോലീസിൽ പരാതി നൽകാനും, അതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി.

ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ സീസണിലെ ജീവനക്കാരുടെ പണമിടപാടുകൾ സംശയകരമാണെന്ന ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സന്നിധാനത്ത് സേവനമനുഷ്ഠിച്ചിരുന്ന മുഴുവൻ ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിക്കാനും മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. സംഭവത്തിൽ സന്നിധാനം പോലീസിൽ പരാതി നൽകാനും, അതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താനും ശബരിമല സ്പെഷ്യൽ കമ്മീഷണർക്കും എക്സിക്യൂട്ടീവ് ഓഫീസർക്കും കോടതി നിർദ്ദേശം നൽകി.

ചുരുങ്ങിയ കാലയളവിനുള്ളിൽ സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മാത്രം 14 ലക്ഷത്തിലധികം രൂപയുടെ കൈമാറ്റം നടന്നതായാണ് കണ്ടെത്തൽ. രണ്ട് ജീവനക്കാർ ഒരു ലക്ഷത്തിന് മുകളിലും മറ്റ് മൂന്ന് പേർ 25,000 രൂപയിൽ അധികവും അയച്ചതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ പലരും ഹാജരായില്ലെന്നതും സംശയങ്ങൾ വർദ്ധിപ്പിക്കുന്നു. സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും അന്വേഷണ പരിധിയിലുണ്ട്. സന്നിധാനത്തെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നടന്ന മുഴുവൻ ഇടപാടുകളും വിശദമായി പരിശോധിക്കാനും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *