ശബരിമല സ്വർണ്ണപ്പാളി മോഷ്ടിച്ച കേസിൽ അഞ്ചാം പ്രതിയും ദ്വാരപാലക സ്വർണാഭരണ കേസിൽ മൂന്നാം പ്രതിയുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് എൻ. വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിക്കുന്ന അഞ്ചാമത്തെ വ്യക്തിയായി ഇദ്ദേഹം മാറി.
അതേസമയം, ഇതേ കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീക്ക് സുപ്രീം കോടതിയിൽ നിന്നും താൽക്കാലിക ആശ്വാസം ലഭിച്ചു. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള മുൻ ഉത്തരവ് കോടതി നീട്ടി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുന്നത്. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി നിർദ്ദേശപ്രകാരം ഇവർ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. എന്നാൽ, കേസിൽ ഉൾപ്പെട്ട ജ്വല്ലറി ഉടമ ഗോവർദ്ധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി.



