നമ്മൾ ജീവിക്കുന്നത് അസ്ഥിരമായ ഒരു ആഗോള ഭൂരാഷ്ട്രീയ സാഹചര്യത്തിലാണെന്നും യുദ്ധങ്ങളുടെ യുഗത്തിലേക്കാണ് ലോകം നീങ്ങുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. യുദ്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായി യുക്രെയ്നിലും ഇറാനിലും സംഘർഷങ്ങൾ തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോളറിന്റെ ആധിപത്യം വെല്ലുവിളിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ നിർമ്മിത ബുദ്ധി (AI) വലിയ പ്രതിബന്ധങ്ങൾ നേരിടുമെന്നും, എന്നാൽ ഇത്തരം ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ കേന്ദ്ര ബജറ്റ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യൻ ഡാറ്റയാണ് നിലവിൽ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ആസ്തിയെന്നും അമേരിക്കയ്ക്ക് സൂപ്പർ പവർ ആയി തുടരണമെങ്കിൽ ഇത് ആവശ്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ യഥാർത്ഥ ശക്തി ഇവിടുത്തെ ജനസംഖ്യയാണ്. എന്നാൽ അമേരിക്കയുമായുള്ള ചർച്ചകളിൽ തുല്യനിലയിൽ സംസാരിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല. നമ്മുടെ കർഷകരെ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചകൾ സംഭവിക്കുന്നു. ഡിജിറ്റൽ വാണിജ്യ ചട്ടങ്ങളിലും ഡാറ്റാ പ്രാദേശികവൽക്കരണത്തിലും നിയന്ത്രണങ്ങൾ ഇല്ലാതായി. ഇന്ത്യയുടെ ശരാശരി താരിഫ് കുത്തനെ വർദ്ധിച്ചപ്പോൾ അമേരിക്കയുടെ താരിഫ് പൂജ്യമായി കുറഞ്ഞത് ഇന്ത്യയോടുള്ള അവരുടെ പ്രതിബദ്ധതയില്ലായ്മയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗ്ലാദേശിന്റെ ടെക്സ്റ്റൈൽ മേഖലയ്ക്ക് അമേരിക്ക നൽകുന്ന ഇളവുകൾ ഇന്ത്യൻ തുണിത്തരങ്ങളുടെ വിപണിയെ തകർക്കുന്നു. ഇന്ത്യ ആരിൽ നിന്ന് എണ്ണ വാങ്ങണമെന്ന് പോലും ഇനി അമേരിക്ക തീരുമാനിക്കുന്ന അവസ്ഥയാണെന്നും ചരിത്രത്തിലാദ്യമായി ഇന്ത്യൻ കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു. അദാനി ഗ്രൂപ്പിനെതിരായ യുഎസ് കേസുകൾ യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്നത് പ്രധാനമന്ത്രിയെയും ബിജെപിയുടെ സാമ്പത്തിക സ്രോതസ്സുകളെയുമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എപ്സ്റ്റീൻ ഫയലുകളിൽ പേരുള്ളതിനാലാണ് അനിൽ അംബാനി ജയിലിൽ പോകാത്തതെന്നും, കേന്ദ്ര സർക്കാർ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയത് 150 കോടി ഇന്ത്യക്കാരുടെ ഭാവി തകർക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



