കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതി ഈ മാസം 18-ന് ഹർജിയിൽ വിധി പറയും. തന്ത്രിക്ക് സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ആവശ്യപ്പെട്ടു. തന്ത്രിക്കും കുടുംബത്തിനുമുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളുടെ രേഖകളും അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി.
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ തന്ത്രിയുടെയും ഭാര്യയുടെയും പേരിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുണ്ടെന്നും ഇവ ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കടത്തിയപ്പോൾ തന്ത്രി പുലർത്തിയ മൗനം ദുരൂഹമാണെന്നും, പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം വാദിച്ചു. എന്നാൽ, താൻ ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടുന്നതെന്നും സ്വർണ്ണ ഇടപാടുകളിൽ പങ്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയത്.



