D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
വി.എസിന് നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടിയുടെ മൂല്യങ്ങൾക്കൊപ്പമെന്ന് കുടുംബം
ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ്. ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾക്കും പാർട്ടിയുടെ നയങ്ങൾക്കും ഒപ്പമാണ് കുടുംബമെന്ന് അദ്ദേഹം കുറിച്ചു.

മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മവിഭൂഷൺ പുരസ്കാരം അദ്ദേഹത്തിന്റെ കുടുംബം സ്വീകരിച്ചേക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കത്ത് ലഭിച്ചതിന് പിന്നാലെ, വി.എസിന്റെ മകൻ അരുൺ കുമാറാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ വി.എസ്. ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങൾക്കും പാർട്ടിയുടെ നയങ്ങൾക്കും ഒപ്പമാണ് കുടുംബമെന്ന് അദ്ദേഹം കുറിച്ചു.

രാഷ്ട്രീയ നേതാക്കൾ പത്മ പുരസ്കാരങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന സി.പി.ഐ.എം നിലപാട് മുൻനിർത്തിയാണ് ഈ തീരുമാനം. ഏതൊരു ഔദ്യോഗിക പുരസ്കാരത്തേക്കാളും വി.എസിന് ജനഹൃദയങ്ങളിലുള്ള സ്ഥാനമാണ് വലുതെന്ന് കുടുംബം വിശ്വസിക്കുന്നു. മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാട്, ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ തുടങ്ങിയ മുതിർന്ന നേതാക്കളും സമാനമായ രീതിയിൽ പത്മ പുരസ്കാരങ്ങൾ നിരസിച്ചിരുന്നു.

വി.എസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ പുരസ്കാരം തീർച്ചയായും നിരസിക്കുമായിരുന്നു എന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ ഈ തീരുമാനത്തോടെ, പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചർച്ചകൾക്ക് വിരാമമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *