D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വർണ്ണമോഷണം; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിൽ ഹാജരാകും
ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്.

വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) മുന്നിൽ ഹാജരാകും. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്.

കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നും കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ തന്ത്രിയുടെ ജാമ്യഹർജിയെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും. തന്ത്രിയുടെ ഹർജിയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും.

110 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി മോചിതനായത്. കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, സി.പി.എം നേതാവ് പത്മകുമാർ എന്നിവരുടെ അറസ്റ്റ് നടന്നിട്ട് ഈ മാസം 11-ാം തീയതി 90 ദിവസം തികയും. നിശ്ചിത സമയത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഇവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത നേതാക്കൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഒന്നാം പ്രതി ജാമ്യത്തിലിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *