കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് സഹയാത്രികയായ എം.എ. ഷഹനാസ് രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ സ്ത്രീവിഷയങ്ങളിൽ താല്പര്യമുള്ളയാളാണെന്നും ലൈംഗിക വൈകൃതങ്ങൾ ഉള്ള വ്യക്തിയാണെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു. ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണമെന്ന് രാഹുലിന് കൃത്യമായി അറിയാമെന്നും, ഇക്കാര്യങ്ങൾ താൻ നേരത്തെ മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ കൃത്യമായ അകലത്തിൽ നിർത്തിയതെന്നും ഷഹനാസ് വ്യക്തമാക്കി.
ഹേമ കമ്മീഷൻ മാതൃകയിൽ കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷിച്ചാൽ രാഹുലിന്റെ യഥാർത്ഥ സ്വഭാവം വ്യക്തമാകുമെന്ന് അവർ ആരോപിച്ചു. ഡൽഹിയിലെ കർഷക സമരത്തിലേക്ക് തന്നെ ക്ഷണിച്ചപ്പോൾ കൃത്യമായ മറുപടി നൽകിയിരുന്നതായും ഷഹനാസ് വെളിപ്പെടുത്തി. താൻ ചാനൽ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് രാഹുൽ മറ്റുള്ളവരോട് സംസാരിച്ചിട്ടുണ്ടെന്നും, ഇതിനുള്ള മറുപടി അദ്ദേഹത്തിന് സന്ദേശമായി അയച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹത്തിനുമുന്നിൽ പറയുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും, പാർട്ടിക്കുള്ളിൽ ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിലും ഓരോ ആരോപണങ്ങൾക്കും മുഖത്തുനോക്കി മറുപടി പറയാനുള്ള ആർജ്ജവം തനിക്കുണ്ടെന്നും ഷഹനാസ് പറഞ്ഞു.



