യുക്രെയ്‌നിൽ അതിശൈത്യം കണക്കിലെടുത്ത് ഒരാഴ്ചത്തേക്ക് വെടിനിർത്തൽ നടപ്പാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അതിശൈത്യത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം മുൻനിർത്തി താൻ വ്യക്തിപരമായി നടത്തിയ അഭ്യർത്ഥന പുട്ടിൻ അംഗീകരിക്കുകയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ മൈനസ് 27 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്ന യുക്രെയ്‌നിൽ ഫെബ്രുവരി മാസത്തോടെ തണുപ്പ് ഇനിയും കൂടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
അതേസമയം, സമാധാന ചർച്ചകൾക്കുള്ള നീക്കങ്ങൾക്കിടയിലും യുക്രെയ്‌നിലെ സാപൊറീഷ്യയിൽ റഷ്യ നടത്തിയ ഡ്രോണാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം മാത്രം ആറായിരത്തോളം ഡ്രോണുകളാണ് റഷ്യ യുക്രെയ്‌നിൽ പ്രയോഗിച്ചത്. ഇതിനിടെ, യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറി. ആയിരം യുക്രെയ്ൻ സൈനികരുടെ മൃതദേഹങ്ങൾ റഷ്യയും, മുപ്പത് റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ യുക്രെയ്‌നും കൈമാറി. ഞായറാഴ്ച യുഎസ് മധ്യസ്ഥതയിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കങ്ങൾ നടക്കുന്നത്.



