D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരളത്തിൽ നിന്നും ആദായനികുതി സംഘമെത്തിയതിനു പിന്നാലെ ആത്മഹത്യ; സിജെ റോയിയുടെ മരണത്തിൽ കേസെടുത്തു
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് സി.ജെ. റോയിയുടെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം.

ബിൽഡറും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ ആത്മഹത്യയിൽ അശോക് നഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് സി.ജെ. റോയിയുടെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം.

ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള ഓഫീസിൽ വെച്ച് സ്വന്തം തോക്കുപയോഗിച്ച് അദ്ദേഹം നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേരളത്തിൽ നിന്നുള്ള ആദായനികുതി ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് എത്തിയതെന്നും കഴിഞ്ഞ രണ്ട് ദിവസമായി റെയ്ഡ് തുടർന്നു വരികയായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവദിവസം ഒരു മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നുവെന്നും, അറസ്റ്റ് ഉണ്ടാകുമെന്ന് സി.ജെ. റോയ് ഭയപ്പെട്ടിരുന്നതായും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.

ഫൊറൻസിക്, ബാലിസ്റ്റിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. ഐടി ഉദ്യോഗസ്ഥരുടെയും ഓഫീസിലെ ജീവനക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *