സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും താൻ പാർട്ടിയുമായി ഒരു തർക്കവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
രാഹുൽ ഗാന്ധിയുമായി നടന്നത് അത്യന്തം ക്രിയാത്മകവും സൗഹാർദ്ദപരവുമായ ചർച്ചയായിരുന്നുവെന്ന് തരൂർ പറഞ്ഞു. ഏകദേശം രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കൂടുതൽ സജീവമായി താൻ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 56 സ്ഥാനാർത്ഥികൾക്കായി താൻ പ്രചാരണത്തിന് ഇറങ്ങിയിരുന്നുവെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിപിഐഎമ്മിലേക്ക് പോകുമെന്ന തരത്തിലുള്ള വാർത്തകൾ എവിടെ നിന്നാണ് വരുന്നതെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ തരൂർ, അത്തരം കഥകളെ പൂർണ്ണമായും നിഷേധിച്ചു. താനും പാർട്ടിയും ഒരേ ദിശയിലാണെന്നും എല്ലാവിധത്തിലും ഒന്നിച്ചു മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായി പിണങ്ങിനിൽക്കുന്ന തരൂരിനെ ഒപ്പം കൂട്ടാൻ സിപിഐഎം ശ്രമിക്കുന്നുവെന്നും ദുബായിൽ വെച്ച് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നുവെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾക്കാണ് ശശി തരൂർ ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്.



