ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പഴയതും വലുതുമായ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും തമ്മിൽ സവിശേഷമായ ഒരു ആത്മബന്ധമാണുള്ളതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. അമേരിക്കൻ ജനതയ്ക്ക് വേണ്ടി ഭാരത സർക്കാരിനും ജനങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര താരിഫുകളും നയപരമായ മറ്റ് തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും ട്രംപിന്റെ ഈ സന്ദേശം ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം കാണുന്നത്. ന്യൂഡൽഹിയിലെ യുഎസ് എംബസി വഴിയാണ് ട്രംപിന്റെ ഈ 'ബിഗ് ഷൗട്ടൗട്ട്' പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത സൗഹൃദം സൂചിപ്പിക്കുന്ന ചിത്രങ്ങളും എംബസി ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഭാരതത്തിന് ആശംസകൾ നേർന്നു. പ്രതിരോധം, ഊർജ്ജം, അത്യാധുനിക സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിന് തന്നെ ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, കർത്തവ്യ പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ആദ്യമായി പങ്കെടുത്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ, ഇന്ത്യൻ ആകാശത്ത് അമേരിക്കൻ നിർമ്മിത വിമാനങ്ങൾ പറക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ പ്രതീകമാണെന്ന് വിശേഷിപ്പിച്ചു.



