D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സന്നിധാനത്ത് മകരവിളക്കുദിവസം സിനിമാ ഷൂട്ടിങ് നടന്നതായി പരാതി
അനുരഞ്ജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി അണിയറപ്രവർത്തകർ നേരത്തെ അനുമതി തേടിയിരുന്നെങ്കിലും, കോടതി വിലക്കും മകരവിളക്ക് ദിവസത്തെ...

കോട്ടയം: മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നെന്ന പരാതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഗൗരവകരമാണെന്ന് ബോർഡ് വിലയിരുത്തി. പരാതി വിശദമായി പരിശോധിക്കാൻ വിജിലൻസിന് കൈമാറുകയായിരുന്നു. അനുരഞ്ജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി അണിയറപ്രവർത്തകർ നേരത്തെ അനുമതി തേടിയിരുന്നെങ്കിലും, കോടതി വിലക്കും മകരവിളക്ക് ദിവസത്തെ കനത്ത തിരക്കും പരിഗണിച്ച് ബോർഡ് അനുമതി നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സന്നിധാനത്ത് ചിത്രീകരണം നടന്നെന്ന ആരോപണം ഉയർന്നത്.

അതേസമയം, സന്നിധാനത്ത് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പോലീസിനെ വിവരമറിയിച്ച ശേഷം പമ്പയിൽ വെച്ചാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ നൽകുന്ന വിശദീകരണം. എന്നാൽ പരാതിയിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. പരാതി കൈമാറിയതായി ബോർഡ് അറിയിച്ചെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് തങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലൻസ് എസ്.പി പറഞ്ഞു. തപാൽ മുഖേനയോ മറ്റോ പരാതി ഓഫീസിൽ ലഭിച്ചിട്ടുണ്ടോ എന്ന് വരും ദിവസങ്ങളിൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *