D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇ ഡി
ഫെബ്രുവരി ഒന്നിനുള്ളിൽ കുറ്റപത്രം നൽകാനായില്ലെങ്കിൽ പ്രധാന പ്രതികൾക്ക് അടക്കം സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്രം...

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) രംഗത്തെത്തി. കേസിലെ പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇഡി പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കത്തയച്ചു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ പല പ്രമുഖരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ, ഇത് കൈമാറുന്ന കാര്യത്തിൽ നിയമോപദേശം തേടി തീരുമാനമെടുക്കാനാണ് എസ്‌ഐടിയുടെ നീക്കം. അതേസമയം, അറസ്റ്റിലായി മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഫെബ്രുവരി ഒന്നിനുള്ളിൽ കുറ്റപത്രം നൽകാനായില്ലെങ്കിൽ പ്രധാന പ്രതികൾക്ക് അടക്കം സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്രം വൈകാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കേസുമായി ബന്ധപ്പെട്ട് ദേവപ്രശ്നം മറയാക്കിയെന്ന കണ്ടെത്തലിൽ പത്തോളം ദൈവജ്ഞരുടെ മൊഴിയെടുക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. 2018-ലെ ദേവപ്രശ്നത്തിന് പിന്നാലെ ഉയർന്ന പല നിർദ്ദേശങ്ങളും സ്വർണ്ണക്കൊള്ളയ്ക്കായി ദുരുപയോഗം ചെയ്തോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനിടെ, കേസിലെ മറ്റൊരു പ്രതിയായ മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചോദ്യം ചെയ്യാനായി ഇഡി ഉടൻ സമൻസ് അയക്കും. ദ്വാരപാലക ശില്പത്തിലെ പാളികൾ ചെമ്പാണെന്ന് മുരാരി ബാബു തെറ്റായി രേഖപ്പെടുത്തിയതിന്റെ രേഖകൾ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇയാളുടെ സ്വത്തുകണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നൽകാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ഇയാൾ ജയിൽ മോചിതനായത്.

Leave a Reply

Your email address will not be published. Required fields are marked *