D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ശബരിമല സ്വർണക്കൊള്ള കേസ്; മുരാരി ബാബു ജയിൽ മോചിതൻ, കെ.പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി
ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഈ കേസിൽ ജയിൽമോചിതനാകുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സെല്ലിൽ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യപ്രശ്നങ്ങളാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ കഴിഞ്ഞ പതിനാലിനാണ് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തി ഇയാളെ റിമാൻഡ് ചെയ്തിരുന്നു.

ഇതേ കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദ്വാരപാലക ശില്പങ്ങൾ, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഈ കേസിൽ ജയിൽമോചിതനാകുന്ന ആദ്യ വ്യക്തിയാണ് ഇദ്ദേഹം.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കുണ്ടെന്ന നിർണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം രംഗത്തെത്തി. തന്ത്രിയുടെ ഇടപെടലുകൾ സംബന്ധിച്ച തെളിവുകൾ ശേഖരിച്ച എസ്‌ഐടി ഇന്നലെ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സംഘം കൊല്ലം വിജിലൻസ് കോടതിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ അറസ്റ്റുകളും തുടർനടപടികളും ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *