തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ചരിത്രവിജയം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (2026 ജനുവരി 23) തലസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹത്തിന് ഗവർണ്ണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരണം നൽകി. തുടർന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് നടന്ന റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സംസ്ഥാന സർക്കാരിന്റെ സിൽവർലൈനിന് ബദലായി മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പാതയുടെ പ്രഖ്യാപനം പ്രധാനമന്ത്രിയിൽ നിന്ന് ഉണ്ടാകുമെന്നാണ് സൂചന.
പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും, ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രപ്രണർഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ തിരുവനന്തപുരം നഗരവികസന രേഖയുടെ (Blue Print) പ്രകാശനവും ഇതോടൊപ്പം നടക്കും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ 'മിഷൻ 2026' പദ്ധതിയുടെ പ്രഖ്യാപനവും ഈ വേദിയിൽ ഉണ്ടാകും. കോർപ്പറേഷൻ ഭരണമുറപ്പിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്തെത്തിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാഗ്ദാനമാണ് ഈ സന്ദർശനത്തിലൂടെ യാഥാർത്ഥ്യമാകുന്നത്.



