നാലാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് സൂചന നൽകിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ, "എല്ലായിടത്തും റെക്കോർഡ് നമ്പറുകൾ! ഞാൻ നാലാം തവണയും ശ്രമിക്കണോ?" എന്ന് അദ്ദേഹം കുറിച്ചു. ഇത് ആദ്യമായല്ല ട്രംപ് അധിക കാലാവധിയെക്കുറിച്ച് സംസാരിക്കുന്നത്. 2025 നവംബറിൽ "TRUMP 2028" എന്ന ബോർഡ് പിടിച്ചിരിക്കുന്ന രീതിയിലുള്ള AI നിർമ്മിത ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു.
കൂടാതെ, സെപ്റ്റംബറിൽ ഡെമോക്രാറ്റിക് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ "ട്രംപ് 2028" എന്നെഴുതിയ തൊപ്പികൾ അദ്ദേഹം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ജോ ബൈഡനോട് പരാജയപ്പെട്ട 2020-ലെ തിരഞ്ഞെടുപ്പിനെക്കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം 'നാലാം തവണ' എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, ട്രംപിന്റെ ഈ ആഗ്രഹം യുഎസ് ഭരണഘടനയുടെ 22-ാം ഭേദഗതിക്ക് വിരുദ്ധമാണ്.
ഒരാൾക്ക് രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടാൻ കഴിയില്ലെന്ന് ഭരണഘടന വ്യക്തമായി പറയുന്നുണ്ട്. 2017-ൽ ആദ്യമായി പ്രസിഡന്റായ ട്രംപ് ഇപ്പോൾ തന്റെ രണ്ടാമത്തെ ഔദ്യോഗിക കാലാവധിയിലാണ്. തന്റെ ഭരണത്തിന് മികച്ച ജനപിന്തുണയുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, സമീപകാല വോട്ടെടുപ്പുകൾ മറ്റൊരു ചിത്രമാണ് നൽകുന്നത്. ജനുവരിയിൽ നടന്ന എപി-എൻഒആർസി (AP-NORC) സർവ്വേ പ്രകാരം അദ്ദേഹത്തിന്റെ അംഗീകാര നിരക്ക് പൊതുവെ കുറയുന്നതായാണ് കാണപ്പെടുന്നത്.



