പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. രാഹുലിനെതിരെ ക്രൈം ബ്രാഞ്ച് കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് കോടതിയിലെത്തുമെന്നുമാണ് വിവരം. ആദ്യ കേസിലെ അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർക്കും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
അതിജീവിത സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാഹുലിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും തന്നെ ഭീഷണിപ്പെടുത്തി നഗ്നവീഡിയോ ചിത്രീകരിച്ചതായും യുവതി ആരോപിക്കുന്നു. പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ചായിരുന്നു പീഡനം നടന്നതെന്നും, ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും അവർ വെളിപ്പെടുത്തി. തനിക്കേറ്റ പരിക്കുകൾ വ്യക്തമാക്കുന്ന ദൃശ്യങ്ങളും, ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും യുവതി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. രാഹുൽ പ്രതിയായ പത്തോളം സമാന കേസുകളെക്കുറിച്ച് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നും അതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രതിക്ക് ജാമ്യം ലഭിച്ചാൽ അത് സാക്ഷികളെ ഭീഷണിപ്പെടുത്താനും കൂടുതൽ പരാതിക്കാരെ നിശബ്ദരാക്കാനും കാരണമാകുമെന്ന് അതിജീവിത കോടതിയെ അറിയിച്ചു.



