കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിനുള്ള ടിക്കറ്റ് വിൽപന ഇന്ന് ആരംഭിക്കുന്നു. നടൻ പൃഥ്വിരാജ് സുകുമാരൻ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്യും. ആരാധകർക്ക് ഇന്ന് വൈകിട്ട് ഏഴ് മണി മുതൽ ‘ticketgenie’ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ജനുവരി 31-ന് നടക്കുന്ന ഈ മത്സരത്തിനായി മലയാളി ആരാധകർ വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
മലയാളി താരം സഞ്ജു സാംസൺ ഈ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുണ്ട് എന്നതും ഈ മത്സരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ സ്വന്തം മണ്ണായ കേരളത്തിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. 2019-ൽ വിൻഡീസിനെതിരെ കാര്യവട്ടത്ത് നടന്ന മത്സരത്തിൽ സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ജനുവരി 31-ന് സഞ്ജു ആദ്യമായി സ്വന്തം നാട്ടുകാർക്ക് മുന്നിൽ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് നാഗ്പൂരിൽ ആരംഭിക്കുന്ന ടി20 പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. ഇതിന് ശേഷം ഇന്ത്യൻ ടീം ലോകകപ്പിനായി പുറപ്പെടും.



