D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കേരള കുംഭമേള: തിരുനാവായയിൽ മഹാമാഘ മഹോത്സവത്തിന് ഗവര്‍ണര്‍ നാളെ കൊടിയുയര്‍ത്തും
ചടങ്ങിനാവശ്യമായ കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്ന് ഇന്ന് ഘോഷയാത്രയായി എത്തിക്കും....

മലപ്പുറം തിരുനാവായയിൽ നടക്കുന്ന കേരള കുംഭമേളയ്ക്ക് (മഹാമാഘ മഹോത്സവം) നാളെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൊടിയേറ്റും. ചടങ്ങിനാവശ്യമായ കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയിൽ നിന്ന് ഇന്ന് ഘോഷയാത്രയായി എത്തിക്കും. നാളെ രാവിലെ പതിനൊന്നിന് ഗവർണർ തിരുനാവായയിൽ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.

ഫെബ്രുവരി മൂന്ന് വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്യാസിമാർ നിളാ സ്നാനത്തിനായി എത്തും. തമിഴ്‌നാട്ടിലെ ത്രിമൂർത്തി മലയിൽ നിന്നുള്ള ശ്രീചക്ര രഥയാത്രയും നാളെ തിരുനാവായയിലേക്ക് പുറപ്പെടും.

മൗനി അമാവാസി ദിനമായ ഇന്ന് വൈകിട്ട് ആറ് മുതൽ രാത്രി 11 വരെ തിരുനാവായയിൽ 'കാലചക്രം ബലി' എന്ന അപൂർവ്വ പൂജ നടക്കും. ആചാര്യൻ കുഞ്ഞിരാമൻ പണിക്കരുടെ നേതൃത്വത്തിൽ നൂറിലേറെ വർഷങ്ങൾക്ക് ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. കൂടാതെ ഐവർമഠം ആചാര്യൻ കോരപ്പത്ത് രമേശിന്റെ നേതൃത്വത്തിൽ ശ്മശാന ശ്രാദ്ധം എന്ന പിതൃകർമവും ഇന്ന് നടക്കും.

നിള ആരതി, രഥയാത്ര, മോക്ഷപൂജകൾ, പുണ്യ സ്നാനം എന്നിവയാണ് ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാഘമാസത്തിലെ മകം നക്ഷത്രവും പൗർണമിയും ഒത്തു വരുന്ന പുണ്യദിനത്തിൽ ആഘോഷിക്കുന്ന മഹാമാഘ മഹോത്സവം ദക്ഷിണ ഭാരതത്തിലെ കുംഭമേളയായാണ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *