അരുണാചൽ പ്രദേശിലെ തവാങ്ങിലുള്ള തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്ന് കൊല്ലം മലപ്പുറം സ്വദേശികൾ മുങ്ങിമരിച്ചു.
സേല ഹിമതടാകത്തിൽ വീണ് കാണാതായ രണ്ടാമത്തെ മലയാളി യുവാവിന്റെ മൃതദേഹവും കണ്ടെത്തി. മലപ്പുറം സ്വദേശി മാധവന്റെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ തിരച്ചിൽ സംഘം കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട കൊല്ലം സ്വദേശി ദിനുവിന്റെ മൃതദേഹം വെള്ളിയാഴ്ച തന്നെ കണ്ടെടുത്തിരുന്നു. കേരളത്തിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളായ ഇരുവരും തടാകത്തിന് മുകളിലെ ഐസ് പാളി പൊട്ടി താഴേക്ക് വീണാണ് അപകടത്തിൽപ്പെട്ടത്.
അതിശൈത്യവും മഞ്ഞുമൂടിയ അന്തരീക്ഷവും തിരച്ചിലിന് വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. ഐ.ടി.ബി.പി, സശസ്ത്ര സീമാബൽ, എസ്.ഡി.ആർ.എഫ് എന്നിവരും പ്രാദേശിക പോലീസും നാട്ടുകാരും സംയുക്തമായാണ് ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ തിരച്ചിൽ പുനരാരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്.
നിലവിൽ രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം നടപടികൾക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അരുണാചൽ പ്രദേശ് സർക്കാർ അറിയിച്ചു. വിനോദയാത്ര ദുരന്തമായി മാറിയതിന്റെ ആഘാതത്തിലാണ് സഹയാത്രികരും ബന്ധുക്കളും.



