ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപാളികൾ കടത്തിയ കേസിലാണ് പ്രത്യേക അന്വേഷണ സംഘം (SIT) തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. കട്ടിളപ്പടി കേസുമായി സമാനമായ കുറ്റങ്ങൾ ചുമത്തിയാണ് ഈ കേസിലും തന്ത്രിയെ പ്രതിയാക്കിയിരിക്കുന്നത്. നിലവിൽ കട്ടിളപ്പടി മോണക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന തന്ത്രിയെ പുതിയ കേസിലും പ്രതി ചേർക്കാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ മാറ്റുന്നതിനായി 'അനുജ്ഞാ കലശം' നടത്തിയത് തന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വിഗ്രഹങ്ങളിലെ സ്വർണ്ണത്തിന്റെ തിളക്കം കുറഞ്ഞുവെന്നാരോപിച്ച് അവ നീക്കം ചെയ്യാൻ നിർദ്ദേശിച്ച തന്ത്രി, സ്വർണ്ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ അനുവാദം നൽകിയതായും റിപ്പോർട്ടിലുണ്ട്. സ്വർണ്ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയത് ഗുരുതരമായ ആചാര ലംഘനമാണെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചു.
ഇതിനിടെ, ശബരിമലയിലെ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. തന്ത്രിയുടെ വീട്ടിൽ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വർണ്ണം പൊതിഞ്ഞ 'വാജി വാഹനം' കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ മേഖലയിലേക്ക് വ്യാപിപ്പിച്ചത്. ഇത് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.



