ശബരിമല സ്വർണ്ണ മോഷണക്കേസിലെ പതിനൊന്നാം പ്രതിയും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് പോലീസ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് ശങ്കരദാസ് ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ ഹൈക്കോടതി നേരത്തെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടത് മുതൽ ശങ്കരദാസ് ആശുപത്രിയിൽ അഭയം പ്രാപിച്ചതിനെ 'അസംബന്ധം' എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിശേഷിപ്പിച്ചത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പിതാവാണ് ശങ്കരദാസ് എന്ന വസ്തുത അന്വേഷണ സംഘത്തെ കോടതി ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. ശങ്കരദാസ് അബോധാവസ്ഥയിലാണെന്ന് ഫോട്ടോ സഹിതം പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നെങ്കിലും, അദ്ദേഹത്തെ ഐ.സി.യുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ എസ്.ഐ.ടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.



