അതിർത്തിയിൽ അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിച്ചാൽ ഇന്ത്യയുടെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ആരംഭിച്ച 'ഓപ്പറേഷൻ സിന്ദൂർ' ഇപ്പോഴും തുടരുകയാണെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഭീഷണിയായ ഭീകരകേന്ദ്രങ്ങൾ തകർത്തതായും പാകിസ്ഥാന്റെ ആണവ കേന്ദ്രങ്ങളിൽ വരെ ഇന്ത്യൻ ആക്രമണമുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകിയത്.
അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡിജിഎംഒ തലത്തിൽ ചർച്ചകൾ നടത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാനിൽ നിന്ന് ആക്രമണമുണ്ടായാൽ ഒരു കരയുദ്ധത്തിന് പോലും ഇന്ത്യൻ സൈന്യം സർവ്വസജ്ജമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ എട്ടോളം ഭീകരക്യാമ്പുകൾ അതിർത്തിയിൽ സജീവമാണെന്നും സൈന്യം ഇത് നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്-ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട കരസേനാ മേധാവി, അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്ന് ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെയും അതിരൂക്ഷമായി വിമർശിച്ചു. അതിർത്തിയിൽ എന്ത് കടന്നുകയറ്റമുണ്ടായാലും തക്കതായ മറുപടി നൽകുമെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യൻ സൈന്യമെന്ന് അദ്ദേഹം വ്യക്തമാക്കി.



