ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിനും (SIT) തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർദാസിനെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ട ദിവസം മുതൽ അദ്ദേഹം ആശുപത്രിയിൽ കഴിയുകയാണ്. മകൻ പോലീസ് സൂപ്രണ്ട് (SP) ആയതുകൊണ്ടാണോ അറസ്റ്റ് വൈകുന്നതെന്ന് സംശയിച്ച കോടതി, പോലീസിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ്ണ വ്യാപാരി ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ വിധി പറയാനായി കോടതി മാറ്റി.
സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡിന്റെ വീഴ്ചകളെയും കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന വ്യക്തിയെ മാത്രം വിശ്വസിച്ച് എല്ലാ കാര്യങ്ങളും ഏൽപ്പിച്ചത് എന്തിനായിരുന്നുവെന്നും, പിന്നെന്തിനാണ് ഒരു ദേവസ്വം ബോർഡ് അവിടെ പ്രവർത്തിക്കുന്നതെന്നും കോടതി ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പത്മകുമാറിനെപ്പോലുള്ളവർ ജാഗ്രത കാട്ടിയില്ല. ചെറിയ ഇരകളെ ഇട്ട് വലിയ മീനുകളെ പിടിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, താൻ 25 ദിവസമായി ജയിലിലാണെന്നും ശബരിമലയ്ക്കായി ഇതുവരെ ഒരു കോടി 40 ലക്ഷം രൂപ ചെലവാക്കിയിട്ടുണ്ടെന്നും പ്രതിയായ ഗോവർധൻ കോടതിയിൽ വാദിച്ചു. ശബരിമലയിൽ നിന്ന് വാങ്ങിയ സ്വർണ്ണത്തിന് കൃത്യമായ പണം നൽകിയിട്ടുണ്ടെന്നും അതിന്റെ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ശ്രീകോവിൽ വാതിലും കട്ടിളപ്പാളിയുമെല്ലാം താൻ നിർമ്മിച്ച് നൽകിയതാണെന്നും വലിയൊരു അയ്യപ്പഭക്തനായ താൻ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു.



