ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പരാതിക്കാരിയായ യുവതിയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു. പാലക്കാട് ഫ്ലാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പോലീസിന് ലഭിച്ച ഈ സന്ദേശങ്ങളിലുള്ളത്. മൂന്ന് ബെഡ്റൂം ഉള്ള ഫ്ലാറ്റ് തന്നെ വേണമെന്ന് രാഹുൽ ആവശ്യപ്പെടുമ്പോൾ, തനിച്ച് താമസിക്കാൻ രണ്ട് ബെഡ്റൂം പോരേ എന്ന് യുവതി ചോദിക്കുന്നതും ചാറ്റിലുണ്ട്. 2024 ഡിസംബർ 20-ന് നടന്ന ഈ സംഭാഷണത്തിൽ 1.14 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിനെക്കുറിച്ചാണ് പരാമർശിക്കുന്നത്.
ബലാത്സംഗത്തിന് പുറമെ സാമ്പത്തിക ചൂഷണവും രാഹുൽ നടത്തിയെന്ന യുവതിയുടെ ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ. ഫ്ലാറ്റിന്റെ വിശദാംശങ്ങൾ അടങ്ങിയ പിഡിഎഫ് ഫയലുകൾ രാഹുൽ യുവതിക്ക് അയച്ചതായും ഇരുവരും ഒന്നിച്ച് ഫ്ലാറ്റ് സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് രാഹുൽ തന്റെ പക്കൽ നിന്ന് പണം വാങ്ങിയതായും ചെരുപ്പും അടിവസ്ത്രങ്ങളും വാങ്ങാൻ വരെ പണം ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി.
അതേസമയം, കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. 26/2026 എന്ന നമ്പറിലുള്ള തടവുപുള്ളിയായാണ് അദ്ദേഹം ജയിലിൽ കഴിയുക. ജയിലിലേക്ക് കൊണ്ടുപോകുന്ന വേളയിൽ അന്വേഷണ സംഘത്തിന് നേരെ അദ്ദേഹം വെല്ലുവിളി ഉയർത്തിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ കൈവശമുണ്ടെന്നും വൈകാതെ പുറത്തിറങ്ങി തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുമെന്നും രാഹുൽ പറഞ്ഞു.



