അടുത്ത വർഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് സൂചന നൽകി ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ. വാഷിംഗ്ടണിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയേക്കാൾ സുപ്രധാനമായ മറ്റൊരു രാജ്യം ലോകത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ പ്രസംഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന പ്രസ്താവനകൾ അദ്ദേഹം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിലുള്ള സുഹൃദ്ബന്ധം തികച്ചും ദൃഢമാണെന്നും, ട്രംപ് ഇന്ത്യയെയും മോദിയെയും വളരെയധികം ബഹുമാനിക്കുന്നുവെന്നും അംബാസഡർ പറഞ്ഞു. അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ക്വാഡ് (Quad) ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രസിഡന്റിന്റെ സന്ദർശന സാധ്യതകൾ സജീവമാകുന്നത്. വ്യാപാര സംബന്ധമായ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നും അവ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, സുരക്ഷിതമായ സിലിക്കൺ സപ്ലൈ ചെയിൻ ലക്ഷ്യമിട്ടുള്ള അമേരിക്കൻ നേതൃത്വത്തിലുള്ള 'പാക്സ് സിലിക്ക' (Pax Silica) സഖ്യത്തിലേക്ക് ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചതായും അദ്ദേഹം അറിയിച്ചു. പ്രതിരോധം, സാങ്കേതികവിദ്യ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ട്രംപ് ഭരണകൂടത്തിന് കീഴിൽ കൂടുതൽ ശക്തമാകുമെന്നാണ് പുതിയ അംബാസഡറുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.



